Kerala
പാലക്കാട്: ബിനോയ് വിശ്വത്തെയും സിപിഐഎയും രൂക്ഷമായി വിമർശിച്ച ജില്ലാസെക്രട്ടറിയേറ്റ് അംഗം എസ്. അജയകുമാറിനെ തള്ളി സിപിഎം. ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുതെന്നും അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്. സുരേഷ് ബാബു പറഞ്ഞു. സിപിഐയെ ഉത്തരം താങ്ങുന്ന പല്ലിയെന്ന് പരിഹസിച്ചതിനെയും സുരേഷ് ബാബു എതിർത്തു.
സിപിഎം-സിപിഐ ബന്ധം വളരെ ഊഷ്മളമാണ്. അതിനെ എതിർക്കുന്ന പ്രസ്താവനകൾ സിപിഎം തള്ളി കളയും. അജയകുമാർ തിരുത്തണം. പ്രസംഗിക്കുന്നതിനിടയിൽ ആവേശം കൊണ്ട് പറഞ്ഞതാകും.അതു പോലും അംഗീകരിക്കില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
പാലക്കാട് ഒറ്റപ്പാലത്തെ മണ്ണൂരിൽ കഴിഞ്ഞദിവസം നടന്ന പൊതുയോഗത്തിലായിരുന്നു അജയകുമാറിന്റെ പ്രസംഗം. തദേശതെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം സിപിഎമ്മിനും മുഖ്യമന്ത്രിയ്ക്കുമെന്ന സിപിഐ നേതൃയോഗത്തിന്റെ വിമർശനത്തിന്റെ തുടർച്ചയായായിരുന്നു അജയകുമാറിന്റെ പരസ്യ വിമർശനം.
കേവലം അഞ്ച് ശതമാനം വോട്ട് മാത്രമേ സംസ്ഥാനത്ത് സിപിഐക്കുള്ളൂ. എന്നാൽ തോറ്റാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സിപിഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപിഐക്കുമാണ് എന്നതാണ് സമീപനം . ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് സിപിഐക്ക് ജയിക്കാൻ ആവില്ല.
എവിടെയെങ്കിലും നാല് സിപിഐക്കാർ ഉണ്ടെങ്കിൽ അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാർട്ടിയാണ് സിപിഎം എന്നും അജയകുമാർ പരിഹസിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമർശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ പത്തരമാറ്റ് തങ്കം ആണോ എന്നും അദ്ദേഹം ചൊദിച്ചിരുന്നു.
Kerala
പാലക്കാട്: സിപിഎം മുൻ ഏരിയാസെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പാലക്കാട് ജില്ലാ സെകെട്ടറി ഇ.എൻ. സുരേഷ് ബാബു.
സിപിഎം നേതാവിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു ഭീഷണി വരാൻ പാടില്ലാത്തതാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ആരോട് എങ്ങനെയൊക്കെയാണ് സംസാരിക്കേണ്ടതെന്നും ജാഗ്രതയോടെയും പെരുമാറേണ്ടതെന്നെതിനെ കുറിച്ചും വ്യക്തത വേണം. അത് മനസിലാക്കി പെരുമാറിയില്ലെങ്കിൽ പരിശോധിക്കും.
ഇതെല്ലാം ഞങ്ങൾ പരിശോധിക്കുന്നുണ്ട്. ഇല്ലാത്ത കഥകളാണ് മെനഞ്ഞുണ്ടാക്കുന്നതെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. പാലക്കാട് അട്ടപ്പാടിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം ഏരിയ സെക്രട്ടറിയെ ആണ് സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
നാമനിര്ദേശ പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയുമെന്നും പാര്ട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരുമെന്നുമാണ് സംഭാഷണത്തിൽ പറയുന്നത്. മത്സരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടപ്പോള് അതിന് സാധ്യമല്ലെന്നാണ് രാമകൃഷ്ണൻ പറയുന്നത്. തുടര്ന്ന് ഞങ്ങള്ക്ക് തന്നെ നിങ്ങളെ കൊല്ലേണ്ടിവരുമെന്നാണ് ജംഷീര് പറയുന്നത്.
അതേസമയം, പത്രിക പിൻവലിക്കില്ലെന്നും അഴിമതിയും കൊള്ളരുതായ്മയും ആണ് അട്ടപ്പാടിയിൽ നടക്കുന്നതെന്നും അതിനെതിരെ പോരാടാനാണ് തീരുമാനമെന്നും വി.ആർ. രാമകൃഷ്ണൻ പറഞ്ഞു.